Thursday, June 30, 2011

ജീവിതം

1
2 Buzz This
നന്മ മാത്രം

ഒരിക്കല്‍ പ്രഭാത സവാരിക്കിറങ്ങിയ വഴിയില്‍ നിന്ന്‌, ചിലമ്പിശ്ശേരില്‍ പത്ദമനാഭപ്പണിക്കര്‍ക്ക്‌ എന്നെ കിട്ടുമ്പോള്‍ അദ്ദേഹം മുന്‍കോപികളുടെ സംസ്ഥാന സെക്രട്ടറിയാണ്‌. എങ്കിലും ആരോ ഉപേക്ഷിച്ച നാലോ അഞ്ചോ വയസ്സുള്ള കുട്ടിയെ അദ്ദേഹം വീട്ടിലേക്ക്‌ ഒപ്പം കൂട്ടി. അവിടെ പ്രത്യേക ശ്രദ്ധയോ പരിചരണമോ ഇല്ലാതെ ഞാന്‍ വളര്‍ന്നു. ഏട്ടന്റമ്മയുടെ (പണിക്കരദ്ദേഹത്തിന്റെ ഭാര്യ, ഞാന്‍ അമ്മയെന്ന്‌ വിളിച്ചത്‌ അടുക്കളക്കാരി പാറുവമ്മയെയാണ്‌) കൈകള്‍ എന്നെ തൊട്ടില്ല പക്ഷേ അവരുടെ ഹൃദയം എനിക്ക്‌ മീതെ തണലായി നിന്നു. അല്‍പം മുതിര്‍ന്നപ്പോള്‍ വീട്ടുജോലികള്‍ ചെയ്യാന്‍ പാറുവമ്മയുടെ കളരിയുണ്ടായി. ദയയെന്ന വാക്ക്‌ അവര്‍ കേട്ടിരുന്നില്ല. അവരുടെ അടിയും ചീത്തവിളിയുമൊക്കെ മടുത്ത ഞാന്‍ മനസ്സറിഞ്ഞ്‌ പ്രാകി. ഈ ദുഷ്ടയെ പാമ്പ്‌ കടിക്കണേയെന്ന്‌. നിരന്തരം പ്രാകിയിട്ടും പ്രാര്‍ത്ഥിച്ചിട്ടും ഫലം കാണാതെ ഞാന്‍ നാസ്തികനായി. അതിന്റെ തുടര്‍ച്ചയില്‍ ഇടമറുകിനെയൊക്കെ വായിക്കുകയും ആ സ്പിരിറ്റില്‍ അമ്പലനടയിലൊക്കെ വച്ച്‌ പലരേയും ഉപദേശിക്കുകയുണ്ടായി. ഒരിക്കല്‍ ഒരു തീവ്രഭക്തന്‍ കാര്യമായി പ്രതികരിച്ചു. അടി കൊണ്ട്‌ ഓടിയ ഞാന്‍ ഒരു കാറിനടിയില്‍ പെട്ടു രണ്ടാഴ്ചയോളം ബോധമില്ലാതെ ഹോസ്പിറ്റലില്‍ കിടന്നു.

എന്തായാലും അതുകൊണ്ട്‌ ഒരു ഗുണമുണ്ടായി. പാടത്തും പറമ്പിലുമിറങ്ങാതെ ഒരു ജോലിയും ചെയ്യാതെ സുഖമായി ഉണ്ടും ഉറങ്ങിയും കഴിയാമെന്നായി. ഞാനത്‌ ആസ്വദിച്ചുതുടങ്ങുമ്പോഴേക്ക്‌ ആ വസന്തം അവസാനിച്ചു . വീണ്ടും സ്ക്കുളില്‍ പോകണമെന്ന ഉത്തരവിനോടൊപ്പം, ഒരു പശുവിനെ വാങ്ങുന്നുണ്ടെന്നും അതിന്റെ ക്ഷേമം എന്റെ ചുമതലയാണെന്ന അറിയിപ്പുമുണ്ടായി. ഞാന്‍ തകര്‍ന്നു പോയി. അന്നത്തെ എന്റെ പ്രധാന ശത്രുവും പണിക്കരദ്ദേഹത്തിന്റെ ഓമന മകളുമായ ഭാഗ്യലക്ഷ്മി പറമ്പിലും പാടവരമ്പിലുമൊക്കെ പശുവിനെ തീറ്റി നടന്നിരുന്ന എന്റെ മുന്നിലേക്ക്‌ ഇടയ്ക്ക്‌ പൊട്ടി വീഴും. മുഖം ആകുന്നത്ര ശോകസാന്ദ്രമാക്കും തുടര്‍ന്ന്‌, കുറച്ചു കാലം കൂടി വിശ്രമം വേണ്ടിയിരുന്നെന്ന്‌ കഷ്ടം വയ്ക്കും എന്നിട്ട്‌ വല്ലാത്തൊരു ചിരി ചിരിക്കും. കോപത്തിന്റെ കതിന ഉള്ളില്‍ പൊട്ടുമെങ്കിലും പ്രായത്തില്‍ കവിഞ്ഞൊരു വീണ്ടുവിചാരം എന്നെ അന്നേരം ദുര്‍ബലനാക്കും.

അങ്ങനെയിക്കെ ഒരു ദിവസം ഏട്ടന്റമ്മ പറഞ്ഞു" പശുവിനെ മുറ്റത്തെ തെങ്ങിന്‍ ചുവട്ടില്‍ കെട്ടിയാല്‍ മതി. ഇന്നവള്‍ പ്രസവിക്കും"
പത്തു പതിനൊന്നുമണിയോടെ അപ്രകാരം സംഭവിച്ചു. പേറ്‌ അല്‍പം സങ്കീര്‍ണ്ണമായിരുന്നു. എങ്കിലും ഏട്ടന്റമ്മ വിദഗ്ദമായി ഇടപെട്ടുകൊണ്ട്‌ അത്‌ പരിഹരിച്ചു. പ്രസവത്തിന്റെ ആദ്യ ഘട്ടത്തില്‍ പശുവിനെയും ഏട്ടന്റമ്മേം തന്റെ സവിശേഷ സാന്നിത്യത്താല്‍ അനുഗ്രഹിച്ചു കൊണ്ട്‌ നിന്നിരുന്ന പണിക്കരദ്ദേഹത്തെ പേറ്‌ സങ്കീര്‍ണ്ണമായതോടെ ദുരൂഹമായി, പരിസരത്ത്‌ നിന്ന്‌ കാണാതായി. ഒടുവില്‍ മറുപിള്ളയും വീണതിനുശേഷം ഏട്ടന്റച്ഛനെ ഉമ്മറത്ത്‌ ഇതൊക്കെ എത്ര നിസ്സാരമെന്ന ഭാവത്തിലിരിക്കുന്നതായി കണ്ടെത്തി
അടുത്ത വര്‍ഷവും ഏട്ടന്റമ്മ പശുവിനെ മുറ്റത്തെ തെങ്ങില്‍ കെട്ടാന്‍ പറഞ്ഞു. അങ്ങനെ ചെയ്തിട്ട്‌ ഞാന്‍ പശുവിന്റെ പേറും കാത്തിരിക്കുമ്പോള്‍ തെക്കുപുറത്തൊരു ബഹളം. പണിക്കരദ്ദേഹമാണ്‌.
"കഴിഞ്ഞ ചിങ്ങത്തില്‍ ചെയ്യേണ്ടതാണ്‌. ആര്‍ക്കാണിവിടെ ഉത്തരവാദിത്തം. രണ്ട്‌ ആണ്മക്കളുണ്ടായിട്ട്‌ എന്തു കാര്യം. വേരൊരു കഴുതയുള്ളത്‌ അതിനെക്കാള്‍ ഭേദം"
കഴുത ഞാനാണ്‌. എന്താ കാര്യമെന്ന്‌ എനിക്ക്‌ എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ചേട്ടന്മാര്‍ക്ക്‌ എന്തെങ്കിലും തെറ്റു പിണഞ്ഞിരിക്കും. നല്ല സ്വഭാവഗുണമുള്ളവരാണ്‌ പിന്നെ എന്ത്‌ ആപത്തിലായിരിക്കും അവര്‍ ചെന്നു ചാടിയതെന്ന്‌ ആലോചിച്ചിരിക്കുമ്പോള്‍, ബഹളം വച്ചുകൊണ്ടു തന്നെ പണിക്കരദ്ദേഹം പറമ്പിലേക്ക്‌ പോയി. കുറച്ച്‌ കഴിഞ്ഞ്‌ പറമ്പിന്റെ തെക്കേ മൂലയില്‍ നിന്ന്‌ വിളിവന്നു
"എടാ"
എന്നെയാണ്‌.
"കുടിക്കാന്‍ കുറച്ചു വെള്ളമെടുത്തു വാ "
ഞാന്‍ ഓടിച്ചെന്നു.
"എടാ കഴുതെ പശു പെറ്റോടാ"
"ങാ കുറേ നേരമായി"
"മറുപിള്ള വീണോടാ"
"വീണു" ഞാന്‍ വിനീതനായി പറഞ്ഞു.
കുടിക്കാന്‍ കൊടുത്ത വെള്ളം ദൂരെയൊഴിച്ചു കളഞ്ഞ്‌ പാത്രമെന്നെ ഏല്‍പിച്ച്‌ അദ്ദേഹം വീട്ടിലേയ്ക്ക്‌ നടന്നു. പിന്നിടും പശുക്കള്‍ പെറ്റു. അപ്പോഴൊക്കെ അദ്ദേഹം പറമ്പിലോ പാടത്തോ പോയി സമയം കഴിച്ചു കൊണ്ട്‌ "ഫു! തുശ്ചമൃഗപ്പിറവി"യെന്ന് നിശ്ശബ്ദം വിയോജനക്കുറുപ്പെഴുതി.(അല്ലാതെ പശുവിന്റെ വെപ്രാളവും ചോരയും കാണുമ്പോള്‍ ദേഹം വിറച്ച്‌ വിയര്‍ക്കുന്നതു കൊണ്ടൊന്നുമല്ല.)
ഋതു പലത്‌ മാറി വന്നു.
പഠിത്തത്തോടൊപ്പം ഞാന്‍ നല്ല കൃഷിക്കാരനുമായി.
പാടത്തും പറമ്പിലുമെല്ലാം പൊന്നുവിളയാന്‍ തുടങ്ങി.

2

ഞാന്‍ ബാലേട്ടന്റെ പഴയ പാന്റ്സൊക്കെയിട്ട്‌ കോളേജില്‍ പോകാന്‍ തുടങ്ങി.
നാട്ടില്‍ പലര്‍ക്കുമത്‌ പിടിച്ചില്ല. അവര്‍ ഞാന്‍ കേല്‍ക്കെ തന്നെ പ്രതികരിച്ചു.
"ഒരു പരിഷ്കാരി വന്നിരിക്കുന്നു. ആ പണിക്കര്‍ക്ക്‌ വട്ടാണ്‌ ഇവനെയൊക്കെ പഠിപ്പിച്ചിട്ട്‌ എന്താക്കാനാണ്‌."
ജീവിതം അവിടെ തിരുന്നില്ലെന്ന്‌ എനിക്കിക്കപ്പോള്‍ തോന്നി. ഞാനാരോടും പരിഭവിച്ചില്ല.
എന്നിട്ടും ജനം എന്നെ വിട്ടില്ല.
'ഇവന്റെയൊക്കെ പഠിത്തം പത്തില്‍ തീരേണ്ടതാണ്‌. ഇവന്‍ അയാളുടെ സന്തതിയാണ്‌. അതാ കാര്യം".
ഞാന്‍ വീട്ടിലെത്തി മുറിയടച്ചിരുന്ന്‌ കണ്ണാടി നോക്കി.
പണിക്കരദ്ദേഹത്തിന്റെ ഛായ ഉണ്ടോയെന്ന്‌.
ബാലേട്ടന്റെയോ രാമേട്ടന്റെയോ ഛായ ഉണ്ടോയെന്ന്‌.
ഭാഗ്യലക്ഷ്മിയുടെ ഛായ ഉണ്ടോയെന്ന്‌.
ആദ്യം എനിക്ക്‌ എന്റെ മാത്രം ഛായ തോന്നി. പിന്നെയെല്ലവരുടേയും ഛായ തോന്നി. പണിക്കരദ്ദേഹത്തെ പേടിയാണെങ്കിലും ബാലേട്ടന്റെയും രാമേട്ടന്റെയും അനുജനെന്ന്‌ പറയാന്‍ എനിക്ക്‌ സന്തോഷമായിരുന്നു.
ആയിടയ്ക്ക്‌ ജോലിസ്ഥലത്ത്‌ നിന്ന്‌ വന്ന ബാലേട്ടന്‍ എന്നെത്തിരഞ്ഞ്‌ എന്റെ മുറിയില്‍ വന്നു. മുറിയെന്ന്‌ പറഞ്ഞാല്‍ തൊഴുത്തിനോട്‌ ചേര്‍ന്നുള്ള ഒരു ചായ്പ്‌.
അതൊരു നിമിത്തമായി. അന്നു തന്നെ ഔട്ട്‌ ഹൌസിലുള്ള മുറിയിലേക്ക്‌ മാറാന്‍ ബാലേട്ടന്‍ എന്നെ നിര്‍ബന്ധിച്ചു. പേടിച്ചാണെങ്കിലും മാറി. ഏട്ടന്റച്ഛന്‍ അറിയുമ്പോളുള്ള കോലാഹലമായിരുന്നു മനസ്സില്‍.
എങ്കിലും ഒന്നുമുണ്ടായില്ല. നന്നായി എന്നേ പറഞ്ഞുള്ളു. അടുത്ത തിരുവാതിരയ്ക്ക്‌ മുന്‍പ്‌ രാമേട്ടനും ജോലിയായി. അക്കൊല്ലം ഭാഗ്യലക്ഷ്മി തിരുവനന്തപുരത്ത്‌ മെഡിസിന്‌ ചേര്‍ന്നു.
വീട്ടില്‍ ഏട്ടന്റച്ഛനും ഏട്ടന്റമ്മയും ഞാനും മാത്രം.
3

ഭാഗ്യലക്ഷ്മി ഹൌസ്‌ സര്‍ജന്‍സി ചെയ്യുമ്പോഴാണ്‌ എനിക്ക്‌ റവന്യൂ വകുപ്പില്‍ ജോലിയാകുന്നത്‌. (പിന്നിട്‌ സൌത്ത്‌ ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലുമൊക്കെ ജോലി നോക്കി പ്രവാസത്തിന്റെ കയ്പ്‌ കുടിച്ചത്‌ മറ്റൊരു കഥ.)
എല്ലാവര്‍ക്കും ജോലിയായതോടെ പുതിയൊരു വീട്‌ കൂടി പണികഴിപ്പിക്കന്‍ പണിക്കരദ്ദേഹം തീരുമനിച്ചു. എട്ടമ്മാരുടെ കല്യാണമൊക്ക മനസ്സിലുണ്ടായിരിക്കണം. അക്കാലത്ത്‌ വടക്കേ പുരയിടത്തില്‍ രണ്ട്മുന്ന്‌ ഈട്ടി മരങ്ങളുണ്ടായിരുന്നു. ഒരു ദിവസം ഏട്ടന്റച്ഛന്‍ പറഞ്ഞു
"എടാ ആരെയെങ്കിലും വിളിച്ച്‌ അത്‌ എന്തു തരം ഈട്ടിയാണെന്ന്‌ നോക്ക്‌. എന്നിട്ട്‌ അത്‌ മുറിക്കാനുള്ള പെര്‍മിറ്റ്‌ ഏടുക്കണം".
അദ്ദേഹത്തിന്റെ ഒരകന്ന ബന്ധു നാട്ടിലെ ഒരു മരക്കമ്പനിയില്‍ മാനേജരായുണ്ടായിരുന്നു. അടുത്ത ദിവസം രാവിലെ ഞാന്‍ പുള്ളിക്കാരനെ തിരഞ്ഞു പോയി.
വഴിക്കാശൊക്കെ വാങ്ങി പുള്ളി വൈകുന്നേരമെത്താമെന്നേറ്റു.
വൈകുന്നേരം പുള്ളി വെള്ളത്തിലാണ്‌ വന്നത്‌.(അന്നും വൈകിട്ടത്തെ പരിപാടി ഇതൊക്കെ തന്നെയായിരുന്നു.) ഏട്ടന്റച്ഛനത്‌ ആദ്യം മനസ്സിലായിരുന്നില്ല. മദ്യപാനികളോട്‌ വിട്ടുവീഴ്ചയില്ലാത്ത വിരോധമുള്ളയാളാണ്‌ ഏട്ടന്റച്ഛന്‍. നാട്ടു കാര്യത്തിനും വീട്ടു വിശേഷത്തിനും ശേഷം ഞങ്ങള്‍ മരം കാണാന്‍ പോയി. നേരം ചെറുതായി ഇരുട്ടിത്തുടങ്ങിയിരുന്നു. ഈട്ടിച്ചുവട്ടിലെത്തി രാഘവേട്ടന്‍ തല ഉയര്‍ത്തി മരം നോക്കി എന്നിട്ട്‌ ചുറ്റും നടന്നു. ഞാനിതെത്ര കണ്ടതാണെന്ന മട്ടില്‍. എന്നിട്ട്‌ ചുവട്ടില്‍ നിന്നിരുന്ന ഇല പൊട്ടിച്ച്‌ കൈവൈള്ളയിലിട്ട്‌ കശക്കി മണത്തു.
"ഇത്‌ ഒന്നാന്തരം കരിവീട്ടി തന്നെ യാതൊരു സംശയവും വേണ്ട"
മങ്ങിയ വെളിച്ചത്തില്‍ രാഘവേട്ടന്‍ പൊട്ടിച്ചെടുത്തത്‌ മരച്ചുവട്ടിലുണ്ടായിരുന്ന കമ്യുണിസ്റ്റ്‌ പച്ചയുടെ ഇലയായിരുന്നുവെന്നത്‌ ഏട്ടന്റച്ഛന്‍ കണ്ടിരുന്നു.
അദ്ദേഹം എന്നോട്‌ ഒച്ചതാഴ്ത്തി ചോദിച്ചു.
"എടാ അവന്‍ കുടിച്ചിട്ടുണ്ടോ?"
"ഉണ്ട്‌" ഞാന്‍ അറിയാതെ പറഞ്ഞുപോയി.
"ഫ! കഴുവേറി കുടിച്ചുംകൊണ്ട്‌ എന്റെ വളപ്പില്‍ കയറാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു........"
ചെറുതല്ലാത്ത പടക്കം പൊട്ടി.
4

ശാരിരികവും മാനസികമായ പരിക്കുകളോടെയാണ്‌ രാഘവേട്ടന്‍ പോയത്‌.
അതിന്റെ വാശിയില്‍ അയാള്‍ നാട്ടിലൊക്കെ പറഞ്ഞു പരത്തി." അവന്‍ പണിക്കരുടെ മകനാണ്‌. അവന്റെ തള്ള അങ്ങ്‌ വടക്കെവിടെയോ ഉണ്ട്‌".
പണിക്കരദ്ദേഹം കുലുങ്ങിയില്ല. അമ്മയെന്ന്‌ കേട്ടപ്പോള്‍ ഞാനൊന്ന്‌ കുലുങ്ങി. പെറ്റമ്മയെ ഓര്‍ത്തല്ല. ഏട്ടന്റമ്മയെ ഓര്‍ത്ത്‌.
ആയിടക്കായിരുന്നു പണിക്കരദ്ദേഹത്തിന്റെ എഴുപതാം പിറന്നാള്‍ അന്ന്‌ മക്കളെല്ലാം ഒത്തുകൂടി. ഊണ്‌ കഴിഞ്ഞപ്പോള്‍ പണിക്കരദ്ദേഹം എല്ലാവരെയും വിളിപ്പിച്ചു.
"സുനിലേ." അന്ന്‌ ആദ്യമായി അദ്ദേഹമെന്നെ പേരു ചൊല്ലി വിളിച്ചു.
"ഇതാ ഇത്‌ വാങ്ങു"
ഒരു പേപ്പര്‍ കവര്‍ അദ്ദേഹം എനിക്ക്‌ തന്നു. ഞാന്‍ തെല്ല്‌ പരിഭ്രമിക്കാതിരുന്നില്ല.
ഇത്‌ പുതിയ വീടിരിക്കുന്ന പറമ്പിന്റെ ആധാരമാണ്‌. ഇനി മുതല്‍ ആ പറമ്പ്‌ നിന്റെ പേര്‍ക്കാണ്‌.
എന്റെ തൊണ്ട വരണ്ടു. കൈ വിറച്ചു. ഞാന്‍ തല കറങ്ങി വീഴുമെന്ന്‌ ഭയന്നു. അപ്പോഴേക്ക്‌ ബാലേട്ടന്‍ എന്നെ കെട്ടിപിടിച്ചിരുന്നു.
"അച്ഛനിത്‌ പറഞ്ഞിരുന്നില്ലെങ്കിലും ഞങ്ങളിത്‌ പ്രതീക്ഷിച്ചിരുന്നെടാ"
അതു പറയുമ്പോള്‍ ബാലേട്ടന്‍ സന്തോഷത്താല്‍ കണ്ണു നിറച്ചു. എല്ലാവരും സന്തോഷത്തോടെ നിന്നപ്പോഴും ഭാഗ്യലക്ഷ്മി മാത്രം എന്തോ മനസ്സിന്‌ ഭാരമുള്ളതുപോലെ നിന്നു.
"സുനിലേ, മോനേ എനിക്ക്‌ മറ്റൊരു കാര്യം കൂടി അറിയണം"
മോനേന്ന്‌, എനിക്ക്‌ വിശ്വാസം വന്നില്ല. അമ്പരന്ന്‌ നിന്ന എന്നോട്‌ മന്ത്രിക്കും പോലെ അദ്ദേഹം ചോദിച്ചു.
"നിനക്കിവളെ ഇട്ഷമണോ"
ഞാന്‍ ഭാഗ്യലക്ഷ്മിയുടെ മുഖത്തേക്ക്‌ നോക്കി. അവള്‍ അതേ നില്‍പാണ്‌.
"ഉം"
"എടാ അവളെ വിവാഹം ചെയ്യാന്‍ സമ്മതമാണോ"
എല്ലാവരും പരസ്പരം നോക്കി. എല്ലാമുഖങ്ങളിലും അമ്പരപ്പിന്റെ തിര മാത്രം. ഞാന്‍ താഴെ വീഴാതിരിക്കാന്‍ ചുമരിനോട്‌ ചേര്‍ന്നു നിന്നു.
"നിങ്ങളുടെ അമ്മ ഇങ്ങൊനൊരു കാര്യം പറഞ്ഞോപ്പോള്‍ ഞാനും കരുതി നന്നയെന്ന്". അദ്ദേഹം ആണ്‍ മക്കളെ നോക്കി പറഞ്ഞു. "ഞാനുമിത്‌ ആലോചിച്ചിരുന്നു. ആരോടും പറഞ്ഞില്ലന്നേയുള്ളു. ഇവളോട്‌ കൂടി അല്‍പം മുന്‍പാണ്‌ ചോദിച്ചത്‌. അവള്‍ക്ക്‌ സമ്മതമാണ്‌." അദ്ദേഹത്തിന്റെ ശബ്ദം ദൂരെത്തെങ്ങോ നിന്ന്‌ വരുന്നതു പോലെയെനിക്ക്‌ തോന്നി.
"നീയെന്താ ഒന്നും മിണ്ടാത്തത്‌" രാമേട്ടന്‍ എന്നെ ചേര്‍ത്തു നിര്‍ത്തി. എല്ലാ കണ്ണുകളും എന്റെ നേര്‍ക്കാണ്‌. ഞാന്‍ ഭാഗ്യലക്ഷ്മിയുടെ മുഖത്തേക്ക്‌ നോക്കി. ആ കണ്ണുകള്‍ സമ്മതമെന്ന്‌ പറയാന്‍ ആവശ്യപ്പെടുന്നതു പോലെ തോന്നി.
5
ആദ്യ രാത്രി അടുത്തിരിക്കുമ്പോള്‍ ഭാഗ്യ പറഞ്ഞു
"മാഷേ, മാഷിനെ ഞാനിങ്ങനെ സങ്കല്‍പിച്ചിരുന്നില്ല"
"ഇപ്പഴാണോ അത്‌ പറയുന്നത്‌? ഇനിയെന്ത്‌ ചെയ്യും" ഞാന്‍ പരിഭ്രമിച്ചു.
"സാരമില്ല, ഞാനതങ്ങ്‌ അഡ്ജസ്റ്റ്‌ ചെയ്‌തോളാം" അവള്‍ ചിരിച്ചു.
ഞാനവളുടെ മുഖത്തേയ്ക്ക്‌ നോക്കിയിരുന്നു.
അന്നുവരെ ഞാന്‍ കണ്ടിരുന്ന ഭാഗ്യലക്ഷ്മി എത്ര സുന്ദരിയാണെന്ന്‌ ആദ്യമായെനിക്ക്‌ മനസ്സിലാവുകയായിരുന്നു.

No comments: