Thursday, June 30, 2011

കഥ

1
2 Buzz This
നവലോകം
1
അയാള്‍ പുളിമരത്തിന്റെ കീഴിലിരുന്ന്‌ കഥയെഴുതുകയായിരുന്നു. ശാന്തവും ഏകാഗ്രവുമായ ആ ഇരിപ്പിന്‌ മുകളില്‍ കാറ്റ്‌, അലസമായൊരു ചാറ്റല്‍മഴ പോലെ പഴുത്ത പുളിയിലകള്‍ പൊഴിച്ചുകൊണ്ടിരുന്നപ്പോഴാണ്‌, ഹേമലത പൂമുഖത്തെക്ക്‌ വന്നതും അയാളെ കണ്ടതും. അവള്‍ അയാളെത്തന്നെ നോക്കി നിന്നു.അങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ അവളുടെ ഉള്ളില്‍ ആധി പെരുകി.
ഉത്തരവാദിത്തമില്ലാത്ത മനുഷ്യന്‍.
ഓഫീസില്‍ നിന്നും അവധി എടുത്ത്‌ എഴുതാനിരുന്നിട്ട്‌ ദിവസം രണ്ടായി.
എഴുതാനിരിക്കുമ്പോള്‍ പുള്ളിയുടെ വിചാരം ബഷീര്‍ ആണെന്നാണ്‌. തലയ്ക്ക്‌ മുകളില്‍ ഒരു മാങ്കോസ്റ്റിന്‍ മരത്തിന്റെ കുറവേയുള്ളു.
എന്തെല്ലാം കാര്യങ്ങള്‍ ഉണ്ടീ വീട്ടില്‍. ഒന്നിലും ഒരു ശ്രദ്‌ധയില്ല. എഴുത്ത്‌ തന്നെ എഴുത്ത്‌.
ഒരു പെണ്‍കുട്ടി വളര്‍ന്നു വരുന്നു. അവളുടെ കാര്യം പറയുമ്പോഴെല്ലാം പറയുന്നത്‌ അവള്‍ കുട്ടി അല്ലേ എന്നാണ്‌.
എന്ത്‌ കുട്ടി?,
വളര്‍ന്ന്‌ തന്നോളം പോന്നു.അവളുടെ പഠനകാര്യത്തിലെങ്കിലുമൊന്ന്‌. ശ്രദ്ധ വയ്കണ്ടേ?
ഹിന്ദിയ്ക്കും മാത്ത്‌സിനും സ്പെഷല്‍ ട്യൂഷന്‍ ഉണ്ട്‌. രണ്ട്‌ വിടിന്‌ അപ്പുറമാണ്‌ ട്യൂഷന്‍ ഹോം.ട്യൂഷന്‍ കഴിഞ്ഞ്‌ സന്ധ്യയ്ക്ക്‌ അവളെ കൂട്ടി കൊണ്ടുവരാനും ഞാന്‍ തന്നെ പോകണം അവള്‍ക്കാണെങ്കില്‍ പഠിക്കണമെന്നുമില്ല.ടി.വി, കണ്ടാല്‍ മതി. എപ്പോഴും അതിന്റെ മുന്നിലാണ്‌.ഇപ്പോള്‍ അമ്മേ എന്നു വിളിക്കുന്നത്‌ പോലും ടി.വി. പരസ്യത്തിലെ കുട്ടി വിളിക്കുന്ന ഈണത്തിലാണ്‌. അവള്‍ പഠിക്കുന്ന നേരമെങ്കിലും ആ നശിച്ച പെട്ടി ഓഫാക്കാന്‍ പറഞ്ഞാല്‍ അവളുടെ മുത്തശ്ശിയുടെ മുഖം വീര്‍ക്കും. പിന്നെ വഴക്കും വക്കാണവുമാവും.ഈ കണക്കിന്‌ പോയാല്‍ അടുത്ത വര്‍ഷം എസ്സ്‌. എസ്സ്‌ എല്‍ സി കടന്നുകൂടുമോയെന്ന്‌ സംശയമാണ്‌
ഹോ! സമയം ഒരുപാടായി. മോള്‍ ഇപ്പോള്‍ വരും. കാപ്പിയെടുത്ത്‌ വയ്ക്കണം. അത്‌ കഴിച്ചിട്ടാണ്‌ ട്യൂഷന്‌ പോകുന്നത്‌.
ഹേമലത അകത്തേക്ക്‌ പോയി.
2
അയാള്‍ അപ്പോഴും അജ്ഞാതനായ അനുവാചകനു വേണ്ടി തന്റെ ഹൃദയം കടലാസിലേക്ക്‌ പകര്‍ത്തുകയാണ്‌. എഴുത്തിന്റെ ഒരു തിരുവില്‍ പേന താഴെ വച്ചു,കസേരയിലേക്ക്‌ ചാഞ്ഞ്‌ വാക്കുകള്‍ക്ക്‌ വേണ്ടി ധ്യാനിച്ചിരിക്കുമ്പോളാണ്‌. അയാളുടെ മകള്‍ ട്യൂഷന്‌ പോകാന്‍ വേണ്ടി അതുവഴി വന്നത്‌.
"അച്ഛാ.."
"ഉം".
"എഴുതിത്തീര്‍ന്നില്ലേ?"
"ഇല്ല"
"എത്രത്തോളമായി? ഞാനൊന്ന്‌ നോക്കട്ടെ".
അവളുടെ പടിതി കണ്ടിട്ട്‌ അയാള്‍ക്ക്‌ അരിശം വന്നു.
"കുട്ടികള്‍ക്ക്‌ എന്തായിവിടെ കാര്യം നിനക്ക്‌ പഠിക്കാനൊന്നുമില്ലെ?"
ഒരു കുസൃതിച്ചിരിയൊടെ അവളാ ചോദ്യം അവഗണിച്ചു കൊണ്ട്‌ അയാള്‍ എഴുതി നിര്‍ത്തിയ കടലാസ്‌ എടുത്ത്‌ ഉറക്കെ വായിക്കാന്‍ തുടങ്ങി.
"മുകുന്ദന്‍ യാത്ര പറയുമ്പോള്‍ വിമല വിതുമ്പി. അയാള്‍ തൂവാല എടുത്ത്‌ അവള്‍ക്ക്‌ കൊടുത്തു കൊണ്ട്‌ പറഞ്ഞു." കരയാന്‍ മാത്രം എന്താണുള്ളത്‌. ഞാന്‍ നിന്റെ ഭര്‍ത്താവോ കാമുകനോ ജാരനോ അല്ല."
വിമല പെട്ടെന്ന്‌ മുഖമുയര്‍ത്തി അയാളെ നോക്കി, എന്നിട്ടവള്‍ ചോദിച്ചു.
"ഇത്രയും ദിവസം എന്നോടൊപ്പം കിടക്ക പങ്കിട്ട നിങ്ങള്‍ ഇവരില്‍ ആരുമല്ലെങ്കില്‍ പിന്നെ ആരാണ്‌?"
അയാള്‍ ചിരിച്ചു."നമുക്കിടയില്‍ സംഭവിച്ച ഒരാകസ്മികതയുടെ ഇര"
മകള്‍ കടലാസ്‌ താഴെ വച്ചു എന്നിട്ട്‌ കുസൃതിച്ചിരിയോടെ പറഞ്ഞു.
"അച്ഛാ, അച്ഛന്‍ മറന്നു. ദെര്‍സ്‌ നതര്‍ റിലേഷന്‍"
അയാള്‍ അമ്പരപ്പോടെ അവളെ നോക്കി.
"ഈ കൊമേഴ്ഷ്യല്‍ സെക്സിലൊക്കെയുള്ള പോലെ..."അവള്‍ തുടര്‍ന്നു"പിന്നെ ഒരു പൊട്ടന്‍ഷ്യല്‍ കസ്റ്റമര്‍ നഷ്ടപ്പെടുമ്പോള്‍ ചിലര്‍ക്ക്‌ സങ്കടം വരുന്നതില്‍ എന്താ അതിശയം. പ്രത്യേകിച്ച്‌ സ്ത്രികള്‍ക്ക്‌."
ഹോ ഈ അച്ഛന്റെയൊരു മറവിയെ എന്ന മട്ടില്‍ അവള്‍ ട്യൂഷന്‍ ഹോമിലേക്ക്‌ നടന്നു.
അയാള്‍ അന്നുവരെ അറിയാത്തതും അനുഭവിച്ചിട്ടില്ലാത്തതുമായ ഒരു പാരവശ്യത്തില്‍ കസേരയിലേക്ക്‌ ചാഞ്ഞു.അങ്ങനെ തളര്‍ന്നിരിക്കുമ്പോള്‍ തനിക്ക്‌ ചുറ്റുമുണ്ടായിരുന്ന സുരക്ഷിതത്വത്തിന്റെ കോട്ട തകര്‍ന്നു വീണതുപോലെ അയാള്‍ക്ക്‌ തോന്നി. ഏറെ നേരത്തിനുശേഷം ടോര്‍ച്ചുമെടുത്ത്‌ ട്യൂഷന്‍ ഹോമിലേക്ക്‌ നടക്കുമ്പോള്‍ കുട്ടികളുടെ ലോകം എതു ദിശയിലേക്കാണ്‌ വികസിക്കുന്നതെന്ന്‌ അയാള്‍ അതിശയിച്ചുകൊണ്ടിരുന്നു.

No comments: